മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

നമ്മുടെ കവിത സംസ്കൃത നിഘണ്ടുവിനെ വലിച്ചെറിഞ്ഞുമലയാള കവിത മാറിക്കൊണ്ടേ ഇരിക്കുന്നു എന്ന് പിന്നെയും തെളിയിക്കുന്ന കുറച്ചു കവിതകളുടെത്  ആണ് ഈ  കൂട്ടം. അതെ സമയം അവയുടെ വേരുകള്‍ കഴിഞ്ഞ മൂന്നു  തലമുറകളിലേയ്ക്ക് എങ്കിലും  നീളുകയും ചെയ്യുന്നു. ഇത് പെട്ടെന്ന് തിരിച്ചറിയാന്‍ ആവില്ലെന്ന്  മാത്രം. അനുഭവങ്ങള്‍ തേടി ഈ കവികള്‍ പുറത്തേയ്ക്ക് സഞ്ചരിക്കുന്നില്ല, കുട്ടിക്കാലം, അഥവാ അയല്‍വക്കം, അഥവാ സ്വന്തം ഗ്രാമം , പുറം അല്ലെങ്കില്‍ . തത്വവിചാരങ്ങള്‍  ഇവിടെ തത്വവിചാരങ്ങള്‍ ആയി കാണപ്പെടുന്നില്ല, സര്‍‌ -റിയലിസം സര്‍ - റിയലിസവും. പ്രത്യക്ഷത്തില്‍ ഇവിടെ രാഷ്ട്രീയവും ഇല്ല. പക്ഷെ ഒരു കാലത്തെ പ്രതിബിംബിപ്പിക്കല്‍ ആണ് രാഷ്ട്രീയമെങ്കില്‍, ഇന്ന് തന്നെ ആണ് ചരിത്രം എങ്കില്‍ ഈ കവിതകളില്‍  ഇവ രണ്ടും ഉണ്ട് താനും. ഇവയുടെ മലയാളം ലളിതമാണ്, പലപ്പോഴും പരുക്കനും ഗ്രാമീണവും. നമ്മുടെ കവിത സംസ്കൃത നിഘണ്ടുവിനെ  വലിച്ചെറിഞ്ഞു  എന്ന് സൂചിപ്പിക്കുന്നവ. ടിപ്പണി വേണ്ടാത്തവ. ദൈനം ദിനത്തിന്റെ നേര്‍ കാഴ്ചകളില്‍ നിന്ന് ഉരുത്തിരിയുന്ന  നൈസര്‍ഗികമായ ജീവിത വിചാരങ്ങളേ ഇവയില്‍ കാണൂ, കെട്ടി വെച്ച പ്രത്യയശാസ്ത്രങ്ങള്‍ കാണില്ല .ഇവയില്‍ അതിവൈകാരികത ഇല്ല, വൈകാരികതയെ തന്നെ മെലോഡ്രാമ ആയി കാണുന്നു ഈ കണ്ണുകള്‍ . നിര്‍‌മമം  ആണ് മിക്ക കാഴ്ചകളും, പഴയ ചൈനീസ് കവിതകളില്‍ അഥവാ പുതിയ തമിഴ് കവിതകളില്‍ എന്ന പോലെ. ചലനം നിറഞ്ഞ നിശ്ചലത. ചിലപ്പോള്‍ ഒക്കെ വെറുതെ ക്യാമറ തുറന്നു വെച്ചാല്‍ എന്ന പോലെ. ഇടയ്ക്ക് അതിലെ ഒരു പക്ഷി അഥവാ ഒരു ഇടിമിന്നല്‍ കടന്നു പോകും. 

കവി പലപ്പോഴും ഒരു സാക്ഷി  ആണ് ഇവിടെ: കവിത തന്നെ സാക്ഷ്യം  ആണ് എന്ന് പറയാറുള്ളത് മറക്കുന്നില്ല. ' ജെട്ടി-മേനക' കാണുക. സ്ഥലങ്ങളും കഥാപാത്രങ്ങളും ആയുള്ള ബന്ധം ആണ് ഒരര്‍ത്ഥത്തില്‍ ഇതിലെ കവിത. ഏത് ഇടവഴിയിലും ജീവിതം ഉണ്ട്  എന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയാന്‍ കവിത ഇവിടെ പഠിക്കുന്നു. ഇടയ്ക്ക് വെച്ച്‌ അക്കാര്യം അത് മറന്നു പോയിരുന്നു. ചിലപ്പോള്‍ അത് വെളിപാടുകളില്‍  ചെന്നെത്തുന്നില്ലെന്നില്ല  : " മണങ്ങള്‍ ഇണ ചേരുന്ന കാടാണ് എന്റെ ശരീരം. തളയ്ക്കപ്പെട്ട ജീവികള്‍ക്കുള്ളില്‍ എന്റെ സൈന്യം ഒളിച്ചിരിക്കുന്നു" എന്ന വരികളില്‍ എന്ന പോലെ. കലാനിലയം കെ. സീ. തൂണേരി ഒരു കവിതാ ഫീച്ചര്‍ ആണെന്ന് പറയാം, ഒരു ജീവിതം, ചില രംഗങ്ങളില്‍: കഥാപാത്രങ്ങളും യഥാര്‍ത്ഥ മനുഷ്യരും വേര്‍തിരിയാന്‍ മടിച്ചു നില്‍ക്കുന്നു ഇവിടെ. അഭിനയത്തിലെ വീര്യവും ജീവിതത്തിലെ ദൈന്യവും സഹവര്‍‌ത്തിക്കുന്നു. നാടകം ജീവിതവും ജീവിതം നിഴല്‍‌നാടകവും ആണെന്ന പോലെ. 

വിശപ്പ്‌ ഇവിടെ പല കവിതകളിലും പല രൂപങ്ങളില്‍  കടന്നു വരുന്നു, ചിലപ്പോള്‍ പാവമായി, ചിലപ്പോള്‍ ആര്‍ത്തിയായി, ചിലപ്പോള്‍ ഓര്‍മയായി. ഒറ്റയ്ക്ക് രാത്രി പൊറോട്ട തിന്നുന്നവന് വേണ്ടി നഗരം മുഴുവന്‍ പൊറോട്ടയുടെ മാവ് ആയി കുഴയുന്നു, അവന്‍ രാത്രിയിലെ പട്ടണം മുഴുവന്‍ തിന്നുകയാണ്. കാര്‍ടൂണ്‍ ഉണ്ട് കവിതയില്‍, കാര്‍‌ടൂണില്‍ എന്ന പോലെ ഒരു വേദനയും. 'കുമിളുകറി' യില്‍ ഇന്ദ്രിയങ്ങളുടെ ഒരു മുഴുകല്‍ ഉണ്ട്, ചില നെരൂദാ കവിതകളില്‍ എന്നപോലെ, കാരിയുടെ മനം മൂന്നു ലോകവും നിറയും പോലെ. 'കൃഷ്ണവേണി തന്ന പലഹാരങ്ങളി‘ലും ഉണ്ട് അതിന്റെ ഒരു തുടര്‍ച്ച . കൌമാര  ലൈംഗികതയും ബാല്യത്തിന്റെ നഷ്ടവും പ്രേമത്തിന്റെ നിസ്സഹായതയും  ആദ്യവും അവസാനവും പ്രത്യക്ഷം ആകുന്ന പലഹാരങ്ങള്‍ക്ക് പ്രതീകപരം ആയ പ്രാമാണ്യം നല്‍കുന്നു. നാട്ടിന്‍പുറത്തെ പ്രേതപ്പേടികളും  ആ അനുഭവലോകത്തിന്റെ ഭാഗം എന്ന് പറയുന്നു 'നീ അത് അറിയണം' എന്ന കവിത.  

കാല്പനികത എങ്ങിനെ രൂപം മാറുന്നു എന്ന് കാണിക്കുന്നു ചില കവിതകള്‍. 'നിനക്ക് ഞാന്‍ ഉണ്ടെന്നു ഏറ്റു പറയുന്നു' എന്ന കവിതയില്‍ എന്ന പോലെ. കൊയ്ത്തു കഴിഞ്ഞ പാടത്താണ് കിളികള്‍ ഏറെ എന്ന  നിരീക്ഷണത്തില്‍ ഒരു സത്യം ഉണ്ട്, ഒരു സത്യം അല്ല, പല സത്യങ്ങള്‍. 'അസ്ഥി പൊടിഞ്ഞു മണ്ണ് ഉണ്ടാകുന്നു' എന്ന കവിതയില്‍ പ്രകൃതിയും മനുഷ്യനും പ്രണയവും ആയുള്ള ബന്ധം പുനര്നിര്‍വചിക്കപ്പെടുന്നു.  ചിലപ്പോള്‍ ഒരു സ്കൂള്‍ സ്മരണയില്‍ നിന്ന് പ്രതി-പ്രണയകവിതകള്‍ ഉണ്ടാകുന്നു, 'പ്ലസ്‌ വണ്‍ ടൂ ത്രീ ടോ' പോലെ.ഓര്‍മകളുടെ നാടോടിത്തം ഭാഷയുടെ നാടോടിത്തം ആയി മാറുന്നു 'സന്തോഷിന്റെ അച്ഛന്‍ മരിച്ച ദിവസ'ത്തില്‍  .നവജീവിതത്തിന്റെ വേഗവും വരള്‍ച്ചയും ഒന്ന്നിച്ചു കാണിക്കുന്നു 'അവള്‍ അതിവേഗപാതയിലെ ചൂണ്ടല്‍ക്കാരി'. വെള്ളം തിരഞ്ഞു പോകുന്ന വേരുകളുടെ  ഉള്ള യാത്രയുടെ  മന്ദതയും കാര്‍  ഓട്ടത്തിന്റെ കൊടും വേഗവും പുതുജീവിതത്തിന്റെ ഒരു വൈരുധ്യം  നന്നായി എടുത്തു കാട്ടുന്നു. വേരില്ലാത്തതിനു    വേഗം കൂടും. 'പിസ്കോനിയ മാസ്ക്' വിനെപ്പോലെ കാലത്തെയും കവിതയെയയൂം വിചാരണ ചെയ്യുന്ന രചനകളും ഉണ്ടിവിടെ- (പിസ്കോനിയ ഗ്രീസിലെ ഒരു ദ്വീപിന്റെ  പഴയ പേരാണ്, അണപ്പല്ലിനും  പറയും ആപേര്. അര്‍ഥം ഇവിടെ പ്രധാനമേ അല്ലെങ്കിലും) .'അവരുടെ ആകാശം , അവരുടെ അടിവസ്ത്രങ്ങള്‍' ഒരു ഭ്രമാത്മക രചന ആണ്, നഗ്നതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം, പണ്ട് ലോറെന്‍സ് ഫെര്‍ലിംഗെട്ടി എന്ന ബീറ്റ് കവിയ്ക്കു അടിവസ്ത്രം സമത്വ പ്രതീകം ആയിരുന്നത്    ഓര്‍ക്കുന്നു. പോപ്പിന് പോലും അടിവസ്ത്രം ഉണ്ട് എന്ന് 'അണ്ടര്‍ വെയര്‍ ' എന്ന കവിത. ഒത്തിരി സംസാരിക്കുനവര്‍ക്ക് ഇരിക്കാന്‍ ആകാശത്ത് ഇരിപ്പിടങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലും ഈ ഭാവനയുടെ സ്വാഭാവികമായ കണ്ടെത്തല്‍‌ . വിഷാദരോഗി എപ്പോളും ആത്മാക്കളുടെ  കൂടെ എന്ന് മറ്റൊരു കവി; വീടിന്റെ ഉത്പത്തിയിലെയ്ക്ക്  ഒരു അന്വേഷണം. അങ്ങിനെ ഏറെ ഇടങ്ങളില്‍ ചേക്കേറുന്നു നമ്മുടെ യൌവ്വനങ്ങള്‍ , പുതിയ ഭാഷാ തേടുന്നു, ദൈനംദിനത്തിന്റെ ചൂരും ചൊടിയും ഉള്ള  ഭാഷ. 
സച്ചിദാനന്ദന്‍

6 comments:

 1. വസ്തുനിഷ്ഠമായ ഒരു പ്ലേസ്മെന്റ്.!

  ReplyDelete
 2. സംസ്കൃതനിഘണ്ടുകള്‍ വലിച്ചെറിയട്ടെ മലയാളകവിതകള്‍ .... നല്ല വിലയിരുത്തലുകള്‍ തന്നെ...

  ലേഖനത്തില്‍ അതാത് കവിതയെ പരാമര്‍ശിക്കുന്ന ഭാഗത്ത് hyperlink കൊടുത്താല്‍ നന്നായിരുന്നു...
  സൈറ്റ് അധികൃതര്‍ ശ്രദ്ധിക്കുമല്ലോ....

  ----------
  സന്ദീപ്‌

  ReplyDelete
 3. പാരമ്പര്യ കവിതാ രചനകളും സംസ്കൃത പദപ്രയോഗങ്ങളും എഴുത്തിലൂടെ വാക്കിലെക്കും ആശയത്തിലേക്കും സൌന്ദര്യ ത്തിലേക്കും ഒരു ശ്രദ്ധാപൂര്‍വ അന്വേഷണ ത്തിനു വഴിയൊരുക്കില്ലേ.......അതുകൊണ്ടു പുതിയ രചനാ രീതികള്‍ ആശാസ്യമല്ലാത്ത തു എന്ന് ഞാന്‍ അര്‍ദ്ധമാക്കുന്നില്ല ..
  http://www.hrishithageethangal.blogspot.com/

  ReplyDelete
 4. valare aathmaarthamaaya abhipraayam...
  Nandi saar..

  ReplyDelete
 5. ഏറ്റവും പുതിയ കവികളുടെ സ്വത്വം അംഗീകരിക്കുന്നതുതന്നെ മാന്യമായ ഒരു നിലപാടാണ്. പുതിയ കവിതകളിലെ ടോണല്‍ ചേഞ്ചിനെ ഈ കുറിപ്പ് കണ്ടറിയുന്നുണ്ട്. കവിത ലോകത്തോടൊപ്പം പാഞ്ഞുപോവുകയാണ്. ആ പാച്ചിലില്‍ ചമത്കാരങ്ങള്‍ക്കായി കാത്തുനില്‍ക്കാനുള്ള സമയമില്ല. ഈ വേഗതയില്‍ വാരിപ്പൂശിയ ഏഴുനിറങ്ങള്‍ ആണ് ഈ കവിതകളുടെ അലങ്കാരം. ഈ ഷിഫ്റ്റ് പാരമ്പര്യത്തെ നൂലുപോലെ അരയില്‍ ആണ് ധരിക്കുന്നത്. കാവ്യരൂപങ്ങള്‍ മാറുമ്പൊഴും കവിത മാത്രം മാറാതെ നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. ഈ കുറിപ്പിന് സച്ചിമാഷിന് അഭിനന്ദനങ്ങള്‍ .

  ReplyDelete