മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

വി.ബി ഷൈജു















തൈ തെങ്ങിന്‍റെ ചോട്ടില്‍
മീന്‍ ചെതുമ്പല് തിരയുന്ന പൂച്ചേ
എന്താണ് മുഖത്തെ പരിഭവത്തിനു കാരണം

മിണ്ടുന്നില്ല
പൂച്ച.

വാഴക്കൈ പൊട്ടിച്ചു
കലം മഴക്കുന്ന കാക്കേ
എന്താണിത്ര കനം.

മിണ്ടുന്നില്ല
കാക്ക.

ഊര്‍ന്നു വീണ പാവല്‍ വള്ളി
നോവാതെടുത്തു
കയറു പന്തലില്‍ തിരികെ
വയ്ക്കുന്ന അച്ഛാ
അത്ര പോരല്ലോ ഭാവം.

കാര്യം
അമ്മയോട് തന്നെ ചോദിക്കാം.

തുടരെ കടുക് പൊട്ടുന്ന ശബ്ദം.

കുമിള്
കറി വയ്ക്കുകയാണ് അമ്മ.

പൂച്ച,
കാക്ക,
അച്ഛന്‍,
ഞാന്‍,
വീട് മുഴുവനും
അവാഹിക്കപ്പെടുകയാണ്

കുമിള് കറി
വീട്ടില്‍ നിന്നിറങ്ങി
റോട്ടില്‍ നില്‍ക്കുന്നു
പുരപ്പുറത്തു നില്‍ക്കുന്നു
തെങ്ങ് കയറുന്നു
ജനല്‍ വിരികള്‍ മാറ്റുന്നു
കതകു തുറക്കുന്നു
എല്ലാവരും അടുക്കളയിലേക്ക് വരുന്നു

കടുക്,
കറി വേപ്പില
വെളിച്ചെണ്ണ
ചുവന്നുള്ളി
പിരിയന്‍ മുളകു
ഇങ്ങനെ പിണങ്ങി നിന്നവരെല്ലാം
ഒരു ചട്ടിയില്‍ വേവുന്നു.

തീന്‍ മേശയ്ക്കു ചിരി പൊട്ടുന്നു
അമ്മേ അമ്മേ
മ്യാവൂ മ്യാവൂ
എന്ന് പൂച്ച കുമിള് കറി തിന്നുന്നു

വീട് വെജിറ്റെറിയന്‍ എമ്ബക്കങ്ങളുടെ
ടാപ്പ് തുറക്കുന്നു

വെക്കം തീര്‍ന്നു പോയ
കുമിള് കറിയുടെ പാത്രത്തില്‍
അമ്മ അത്താഴം കഴിയ്ക്കുന്നു.

ഉറങ്ങാന്‍ വേണ്ടി വീടിനു കറണ്ട് പോകുന്നു

നാളെ കുമിള് കറി ആണോ ആണോ
എന്ന് മിനുങ്ങുന്നുണ്ട്
രണ്ടു കണ്ണുകള്‍

7 comments:

  1. മനോഹരം ..................

    ReplyDelete
  2. മനുഷ്യസ്നേഹം തിളച്ചുതൂവുന്നു ഈ കുമിളുകറിയിൽ.!

    ReplyDelete
  3. നാളെ കുമിള് കറി ആണോ ആണോ
    എന്ന് മിനുങ്ങുന്നുണ്ട്
    രണ്ടു കണ്ണുകള്‍...

    നല്ല കവിത ഷൈജൂ...

    ReplyDelete
  4. അമ്മമാർക്ക് എപ്പോഴുമെപ്പോഴും സ്തുതി ആയിരിക്കട്ടെ

    ReplyDelete
  5. വീട് വെജിറ്റെറിയന്‍ എമ്ബക്കങ്ങളുടെ
    ടാപ്പ് തുറക്കുന്നു

    വെക്കം തീര്‍ന്നു പോയ
    കുമിള് കറിയുടെ പാത്രത്തില്‍
    അമ്മ അത്താഴം കഴിയ്ക്കുന്നു.

    പുതുമയുടെ തിളക്കവും, വരികളുടെ ഒതുക്കവും, മൊഴികളില്‍, നിറകതിരാകുന്നു ...good ഷൈജൂ...

    ReplyDelete
  6. കവിയെ തിരിച്ചറിയാൻ കഴിയാഞ്ഞതിൽ ഈ കവിതയോട് മാപ്പ് ചോദിക്കുന്നു....

    ReplyDelete