മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

പുതിയകവിത: നിലപാടുകള്‍ /എസ്. കലേഷ്‌


മലയാളത്തിലെ ഏറ്റവും പുതിയ തലമുറയിലുള്ള കവികളാണ് വയനാട് കാടിരുത്തതില്‍ പങ്കെടുത്തത്. ആ നിലയ്ക്ക് കാടിരുത്തത്തിന് ചെറുതല്ലാത്ത ചരിത്രപ്രസക്തിയുണ്ട് എന്ന വിശ്വാസമാണ് ഈ കുറിപ്പിനു പിന്നിലുള്ളത്. കവിതവായനയും ചര്‍ച്ചയും നിറഞ്ഞ ഈ സംഗമം പുതുതലമുറയുടെ വ്യതിരിക്തമായ കാവ്യവഴികളെ അടയാളപ്പെടുത്തുന്നതിനുള്ള തുടക്കമായി. ചര്‍ച്ചയില്‍ പങ്കെടുത്ത് സുധീഷ് കോട്ടേമ്പ്രം, ലതീഷ് മോഹന്‍, എം. ആര്‍. വിഷ്ണുപ്രസാദ് എന്നിവര്‍ മുന്നോട്ടുവച്ച ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും പുതിയ കവിത ഉഴുതുമറിക്കുന്ന ഇടങ്ങളെ വെളിപ്പെടുത്തി. വയനാട്ടില്‍ തുടങ്ങിവച്ച, ഇനിയും മുന്നോട്ടുപോകേണ്ട നിരീക്ഷണങ്ങള്‍ക്ക് വിയോജിപ്പുകളുടെയും യോജിപ്പുകളുടെയും തുറന്ന ഇടപെടലോടെ വെള്ളവും തണലും നല്‍കേണ്ടതുണ്ട്.
'പുതുകവിത' എന്നത് ഇന്ന് പറഞ്ഞുപഴകിയ ഒരു പ്രയോഗമാണ്. 2005 നു ശേഷം ബ്‌ളോഗുകള്‍ സജീവമാകുകയും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ കാവ്യസെന്‍സിബിലിറ്റി പഴകുകയും(പണ്ട് എങ്ങനെയായിരുന്നെന്ന് അറിവില്ല)  അതിസങ്കീര്‍ണമായ ജീവിത പശ്ചാത്തലം രൂപപ്പെടുകയും ചെയ്ത കാലത്ത് എഴുതപ്പെടുന്ന കവിതയെ രണ്ടായിരത്തിന്റ (തൊണ്ണൂറുകളുടെയോ) ഭാവുകത്വത്തിന്റെ വിളിപ്പേരായ പുതുകവിത എന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. വിളിച്ചാല്‍ ഇക്കാലത്തെ കവിത വിളി കേള്‍ക്കാനിടയില്ല. രണ്ടായിരത്തിലും രണ്ടായിരത്തഞ്ചിലും എഴുതി തുടങ്ങിയവര്‍ തൊട്ട് ഇന്ന് അരുണ്‍ പ്രസാദിലും ഹരിശങ്കറിലും സുജീഷിലും  സുബാലിലും ധന്യാദാസിലും അഖില ഹെന്‍‌ട്രിയിലും എത്തിനില്‍ക്കുന്ന കാവ്യലെയറിനെ പുതുകവിതയെന്ന ലേബലില്‍ ടാഗുചെയ്യുന്നത് ശരിയല്ല. ഇക്കാലത്തെ കവിതയുടെ പ്രതിനിധാനത്തിന് മറ്റൊരു വാക്ക് തിരയേണ്ടിയിരിക്കുന്നു.
ആധുനികതയ്ക്കു ശേഷം തൊണ്ണൂറുകളില്‍ എഴുതി തുടങ്ങി രണ്ടായിരത്തി പതിനൊന്നിലും പുതുകവിതയെഴുതുന്നുവെന്ന് ആത്മവിശ്വാസപ്പെടുന്ന കവികളാണ് പുതുകവിതയെന്ന ഇടത്തിന്റെ സ്വന്തക്കാര്‍. പ്രിന്റ്മീഡിയയിലൂടെ പരസ്പരം തുടരെതുടരെ ലാളിക്കുന്ന അവരുടെ കവിതകള്‍ക്ക്, എക്കാലവും പുതിയതെന്ന് ധ്വനിയുള്ള വാക്കായ 'പുതുകവിത' എന്ന വാക്കിനോളം പോലും ഇന്ന് പുതുമയില്ല. മലയാളത്തിലെ മുഖ്യധാരാമാസികകളിലെ സ്വന്തം ഭൂമിയില്‍ അവര്‍ വാരാവാരം ഇറക്കുന്ന കൃഷി തന്നെ തെളിവ്.   
തൊണ്ണൂറുകള്‍ക്ക് ശേഷം ഉണ്ടായ ഈ കവികള്‍ ഒരു കൂട്ടം ചേര്‍ന്ന് അവരുടെ കാവ്യവഴി തെളിക്കാന്‍ ശ്രമിച്ചത്  പോസിറ്റീവായ നീക്കമായിരുന്നു.  (കവിതക്ക് ഒരു ഇടം- (ഒറ്റലക്കം കൊണ്ട് നിലച്ചുപോയോ?)എന്ന പ്രസിദ്ധീകരണം തന്നെ ഉദാഹരണം). അവര്‍ക്ക് ഇടം നേടിക്കൊടുത്ത ആ കവിതാസംഗമങ്ങള്‍ അക്കാലത്ത് ആവശ്യമായിരുന്നിരിക്കാം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ശബ്ദകവിതയെയും ആധുനികത ഏല്പ്പിച്ച പത്രാധിപ ഹാങ്ഓവറുകളെയും പ്രതിരോധിച്ച് മാധ്യമങ്ങളില്‍ ഇടമുറപ്പിക്കാന്‍ അന്നത് ആവശ്യമായിരുന്നു. എന്നാല്‍ ഈ സംഘത്തിനു പുറത്തും നല്ല കവിതകള്‍ എഴുതുന്ന കവികളുടെ ശക്തമായ സാന്നിദ്ധ്യം അന്ന് പ്രബലമായിരുന്നു. പെന്‍ ബുക്‌സ് പുറത്തിറക്കിയ ശ്രീകുമാര്‍ കരിയാടിന്റെ  മേഘപഠനങ്ങള്‍ എന്ന ഇന്നും പുതുമയുള്ള കാവ്യസമാഹാരം എന്തുകൊണ്ട് അക്കാലത്ത് വേണ്ടപോലെ ചര്‍ച്ച ചെയ്യപ്പെടാതെ(വേണ്ടപോലെ ചര്‍ച്ച ചെയ്‌തോ?) പോയി എന്നുള്ളത് സ്വകാര്യസംശയമായി അവശേഷിക്കുന്നു. 
പുതുതലമുറ കവികളെ സംബന്ധിച്ച് ചുള്ളിക്കാടിനെ വിമര്‍ശിച്ച് മറികടക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇത് വഴി വേറെയാണ്. പത്രാധിപരുടെ മനസ്സില്‍ ഇടം നേടാന്‍ ഇപ്പോളെഴുതുന്ന ഭൂരിഭാഗം കവികളും സമയം മെനക്കെടാറില്ല. മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്ന ദിവസം ബുക്ക് സ്റ്റാളിന്റെ ആകാംക്ഷകളിലേക്ക് ഓടേണ്ട കാലവുമല്ല ഇത്. കവിത എഴുതി വെളിച്ചപ്പെടുത്താന്‍ സാധ്യതകള്‍ ഇന്ന് ഒരുപാടുണ്ട്. ബ്‌ളോഗും ഫേസ്ബുക്കും  തന്ന വാതിലുകള്‍ക്ക് പിറകില്‍ ഒരുപാട് മികച്ച വായനക്കാരുണ്ട്. പുതിയ ഭാവുകത്വത്തിന്റെ മിന്നലേല്‍പ്പിക്കുന്ന ശ്രദ്ധേയമായ കവിതകള്‍ പല കവികളുടെയും നോട്ട്‌സില്‍ പതിഞ്ഞുകിടപ്പുണ്ട്. പക്ഷെ ബ്‌ളോഗിലെഴുതുന്ന ഞാനടക്കമുള്ള കവികള്‍ ആ മീഡിയത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ മുന്നോട്ട് പോയിട്ടുണ്ടോ എന്നുളള കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മുഖ്യധാരാമാസികയില്‍ ഒരു കവിത പ്രസിദ്ധീകരിക്കുംപോലെ ഇല്ലുസ്‌ട്രേഷനോടെ പ്രിന്റിനും നേര്‍സമാന്തര മാതൃകകളാണ് ബ്‌ളോഗ് കവിതകളും പിന്തുടരുന്നത്(കമന്റുകള്‍ തരുന്ന പുനര്‍വായന/ തിരുത്തലുകളുടെയും സാധ്യത വേറൊരുവശം). പലതലത്തിലേക്ക് കവിതയെ വികസിപ്പിച്ച് ബ്‌ളോഗനകള്‍ക്ക് ബ്‌ളോഗ് കവിതയെ അനുകരിക്കാന്‍ കഴിയാത്ത രീതിയിലേക്ക് കവിതയെ നെറ്റില്‍ വിതയ്ക്കാന്‍ കഴിയണം. അതിനുള്ള സാങ്കേതികരഹസ്യങ്ങള്‍ ബ്‌ളോഗില്‍ ഒളിഞ്ഞിരിപ്പുണ്ട് (കമന്റുകള്‍ പോലും കവിതയോടൊപ്പം എഴുതിയ നസീര്‍ കടിക്കാടിനെ ഓര്‍ക്കുന്നു). അതെങ്ങനെ സാധ്യമാകും എന്നുള്ളത് ആലോചിക്കേണ്ടതാണ്. കുറേ ബ്‌ളോഗുകളിലേക്കായി എന്തുകൊണ്ട് ഒരു കവിതയെ വിതറിയിട്ടുകൂടാ. അവസാന വരിയും വായിച്ചുതീര്‍ത്ത് ആദ്യബ്‌ളോഗിലേക്കിട്ട ഒരു ഹൈപ്പര്‍ ലിങ്കുകൊണ്ട് ആദ്യവരിയെ മായ്ച്ചുകളയാം. ലിങ്കുകളുടെയും ദൃശ്യങ്ങളുടെയും ചലനചിത്രങ്ങളുടെയും പുതിയ ഭൂപടമായി കവിത പോസ്റ്റ് ചെയ്തുകൂടാ. സാങ്കേതികത്വവും കവിത്വവും ഒരു ടീമായി കളത്തിലിറങ്ങിയുള്ള ഒരു കളിയാണ് ഉദ്ദേശിച്ചത്.  നന്നായി പണിയെടുത്തില്ലെങ്കില്‍ 'ഡ്രൈ' ആയി പോകാവുന്ന ഒരു തരം കളി. ആ തലത്തിലേക്ക് മാറുന്ന കവിത വൈകാതെ ബ്‌ളോഗുകളില്‍ വളര്‍ന്നുവരുമായിരിക്കും.
ഇനി കാടിരുത്തത്തിലേക്ക് വരാം. അവിടെ ലതീഷ് മോഹന്‍ ചര്‍ച്ച ചെയ്തതില്‍ നഗരത്തിന്റെ കവിത എന്നതായിരുന്നു പ്രധാന വിഷയം. ആനന്ദിന്റെ നോവലില്‍ വരണ്ട ഭൂമികയായി നഗരത്തെ ആവിഷ്‌ക്കരിക്കുന്നുവെന്നും പുതിയ തലമുറയുടെ കവിത- കവിതകൊണ്ട് നാഗരികതയെ നാട്യങ്ങളില്ലാതെ ആവിഷ്‌ക്കരിച്ചെന്നും ലതീഷ് പറഞ്ഞുവച്ചു. എന്നാല്‍ ഇതില്‍ ഇടപെട്ടുകൊണ്ട് മറ്റൊരുവശം കൂടി പറയാം. നഗരത്തിലേതെന്നപോലെ ഗ്രാമീണ ജീവിതവും പുതിയ കവിതയില്‍ പ്രബലമാണ്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമല്ലെങ്കിലും വരയപ്പെടാത്ത ചരിത്രങ്ങള്‍/ചിത്രങ്ങള്‍/കീഴാളജീവിതം/ രാഷ്ട്രീയം എന്നിവയെല്ലാം തെളിഞ്ഞഭാഷയില്‍ പുതിയ കവിതയില്‍ സമൃദ്ധമാണ്. വിഷ്ണുപ്രസാദ്, ബിനു.എം. പള്ളിപ്പാട്, എം.ജി.രവികുമാര്‍ വി.ബി. ഷൈജു, സുധീഷ് കോട്ടേമ്പ്രം, എന്‍. ആര്‍. രാജേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, അജീഷ് ദാസന്‍ എന്നിവരുടെയെല്ലാം കവിതകളില്‍ തിളങ്ങുന്ന ജീവിതത്തിന്റെ ഞരമ്പ് ഗ്രാമത്തിന്റേതാണെന്നാണ് വായനക്കാരന്‍ എന്ന നിലയില്‍ എന്റെ വിശ്വാസം. (ആദ്യ സമാഹാരമായ ലാര്‍വ്വയില്‍ അമ്മ ഉപ്പുപുരട്ടി ഉണക്കാനിട്ട ഒരു കഷ്ണം കടലിനെക്കുറിച്ച് എഴുതിയ ക്രിസ്പിന്‍ ജോസഫിന്റെ കവിതയുടെ വഴി അന്ന് ജീവിതം തിളങ്ങുന്ന കടല്‍വഴിയായിരുന്നു. പിന്നീട് കവിതയുമായി നഗരത്തിലേക്ക് ക്രിസ്പിന്‍ പോയി.) തൊണ്ണൂറുകളുടെ കവികള്‍ പകല്‍സമയം ടോര്‍ച്ചടിച്ച് നോക്കിയിട്ടും കിട്ടാത്ത ഗ്രാമീണ ജീവിതത്തിന്റെ സവിശേഷതകളെ പുതിയ ക്രാഫ്റ്റിലും ഭാഷയിലും പുതുതലമുറ ആവിഷ്‌ക്കരിക്കുന്നുണ്ടെന്നുള്ളതും ലതീഷ് പറഞ്ഞുവച്ചതിനൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ടതുണ്ട്. 

എം. ആര്‍ വിഷ്ണുപ്രസാദ് വയനാട്ടില്‍ ഉന്നയിച്ചതില്‍ പ്രധാനപ്പെട്ട ഒരു കാര്യം കവിതയിലെ ഇടങ്ങള്‍ - പുതിയ കവിതയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടോ എന്നുള്ളതാണ്. ചങ്ങനാശ്ശേരിയില്‍ നിന്ന് കവി കുറേ പൈസ കടം വാങ്ങിയതിനാല്‍ കവിതയെഴുതിയപ്പോള്‍ ചങ്ങനാശ്ശേരി വേണ്ടെന്നു വച്ചുവെന്ന് കരുതിയാല്‍ പോരേ, എന്നുള്ള യുക്തി ലതീഷ് മോഹന്റെ "ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചാലെന്താണ്"എന്ന കവിത പരമാര്‍ശിച്ചുകൊണ്ട് എം. ആര്‍. വി പറഞ്ഞു. ഈ ലളിതയുക്തി രസകരമാണ്. പക്ഷെ ഈ ലളിതയുക്തിതന്നെ മതിയോ ആ കവിതയുടെ ഇടത്തെക്കുറിച്ച്(സങ്കീര്‍ണമായ ഇക്കാലത്തെ കവിതയെക്കുറിച്ച്) സംസാരിക്കാന്‍?. നമ്മുടെ ഭൂപടങ്ങള്‍ നമ്മള്‍തന്നെ വരച്ചാലെന്താണെന്ന ആ കവിതയിലെ അവസാന വരിയെ ഈ ലളിത യുക്തി റദ്ദുചെയ്യാനിടയുണ്ടെന്ന അപകടകരമായ വസ്തുത നിലനില്‍ക്കുന്നുണ്ടെന്ന് പറയട്ടെ. 

പുതിയ കവിതയിലെ വൈവിധ്യമാര്‍ന്ന ലോകവും ഇടങ്ങളും പല ഡൈമെന്‍ഷുകളില്‍ പഠനവിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ കാവ്യനിരൂപണത്തിലെ(നിരൂപകരുടെ) ലെന്‍സുകള്‍ പഴയതാണ്. തൊണ്ണൂറുകളുടെ കവിതയെ വിട്ട് പുതിയകവിതയെ സമീപിക്കാന്‍ കെല്പ്പുള്ള നിരൂപകരും ഉയര്‍ന്നുവരുന്നില്ല. കവികള്‍തന്നെ നിരൂപകരാകേണ്ട സ്ഥിതിയാണുള്ളത്. അവസാനത്തെ മഹാകവിയെന്നുവിളിച്ച് ചുള്ളിക്കാടിനെ നിരൂപിക്കുന്ന പേനയും മനസ്സുംകൊണ്ട് പുതിയകവിത പഠിക്കാനിരുന്നാല്‍ പരീക്ഷയ്ക്ക് പാസ് മാര്‍ക്കുപോലും നിരൂപകന് ലഭിക്കില്ല. പുതിയ കവിതയുടെ നിരൂപകര്‍ ബ്‌ളോഗിലെയും ഫേസ്ബുക്കിലെയും സാധാരണ വായനക്കാരും സമകാലികരായ കവികളുമാണെന്നു തോന്നുന്നു. കമന്റുകള്‍ പലപ്പോഴും നിരൂപണത്തിലെ ആദ്യവരികളായി വായിച്ചെടുക്കേണ്ടതുണ്ട്. ലൈക്കുകള്‍ ഹൈലൈറ്റ്‌സുകളായും മാറുന്നു. എഴുതി പ്രസിദ്ധീകരിക്കുന്നതിനപ്പുറം ഒറ്റവരി കമന്റുകളായി നിരൂപണങ്ങള്‍ സാധാരണവായനക്കാരന്‍ കമന്റ് ചെയ്യുകയാണ്.

7 comments:

 1. പുതിയ കവിതയിലെ വൈവിധ്യമാര്‍ന്ന ലോകവും ഇടങ്ങളും പല ഡൈമെന്‍ഷുകളില്‍ പഠനവിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ കാവ്യനിരൂപണത്തിലെ(നിരൂപകരുടെ) ലെന്‍സുകള്‍ പഴയതാണ്. തൊണ്ണൂറുകളുടെ കവിതയെ വിട്ട് പുതിയകവിതയെ സമീപിക്കാന്‍ കെല്പ്പുള്ള നിരൂപകരും ഉയര്‍ന്നുവരുന്നില്ല. കവികള്‍തന്നെ നിരൂപകരാകേണ്ട സ്ഥിതിയാണുള്ളത്. അവസാനത്തെ മഹാകവിയെന്നുവിളിച്ച് ചുള്ളിക്കാടിനെ നിരൂപിക്കുന്ന പേനയും മനസ്സുംകൊണ്ട് പുതിയകവിത പഠിക്കാനിരുന്നാല്‍ പരീക്ഷയ്ക്ക് പാസ് മാര്‍ക്കുപോലും നിരൂപകന് ലഭിക്കില്ല. പുതിയ കവിതയുടെ നിരൂപകര്‍ ബ്‌ളോഗിലെയും ഫേസ്ബുക്കിലെയും സാധാരണ വായനക്കാരും സമകാലികരായ കവികളുമാണെന്നു തോന്നുന്നു. കമന്റുകള്‍ പലപ്പോഴും നിരൂപണത്തിലെ ആദ്യവരികളായി വായിച്ചെടുക്കേണ്ടതുണ്ട്. ലൈക്കുകള്‍ ഹൈലൈറ്റ്‌സുകളായും മാറുന്നു. എഴുതി പ്രസിദ്ധീകരിക്കുന്നതിനപ്പുറം ഒറ്റവരി കമന്റുകളായി നിരൂപണങ്ങള്‍ സാധാരണവായനക്കാരന്‍ കമന്റ് ചെയ്യുകയാണ്.

  ReplyDelete
 2. നന്നായി കവീ... ചുള്ളിക്കാടിനെയും ഭാര്യയേയും ടോമസ് ട്രാന്‍സ്‌ ട്രോമറെയും തലോലിക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി എനിക്കും മനസിലാകുന്നില്ല...ഭാഷാപോഷിണിയില്‍ അപൂര്‍വം ചില നല്ല കവിതകള്‍ വന്നാലായി..
  എന്നാലും യ ര ല വ,തോര്‍ച്ച,പ്രസക്തി,പ്ലാവില തുടങ്ങിയ കുഞ്ഞു വല്യ മാസികകള്‍ വല്ലാത്ത സന്തോഷം പകരുന്നു .....................................

  ReplyDelete
 3. അവസാനത്തെ മഹാകവിയായി ചുള്ളിക്കാടിനെ നിരൂപിച്ചപേനയുടെ ആധിയും അവസാനത്തെ ബസ്സും പൊയ്ക്കഴിഞ്ഞ് ബസ്റ്റോപ്പിലെത്തി യാത്രതുടർന്ന മനോജ്കുറൂർ കണ്ടതോ കണിച്ചതോ ആയ കാഴ്ചകളുടെ അനുഭവവും വേണ്ടത്ര ചർച്ചചെയ്തില്ല. കാടിരുത്തത്തിന് ചരിത്രപ്രസക്തിയുണ്ടാകുന്നത് ഈ സന്ദർഭത്തിലാണു.കാലം നീങ്ങുന്നതിനനുസരിച്ച് (പ്രായം കൂടുന്നതനുസരിച്ച്) ലൻസുകളുടെ പവർ മാറ്റിയില്ലെങ്കിൽ കാഴ്ച വികൃതമാവുകയല്ല, കാഴ്ചതന്നെ ഇല്ലാതാവും.. ശ്രീകുമാര്‍ കരിയാടിന്റെ മേഘപഠനങ്ങള്‍ വേണ്ടപോലെ ചര്‍ച്ച ചെയ്യപ്പെടാതെ പോയെന്നതു ശരി തന്നെ..പക്ഷെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത, ശബ്ദകവിത മാത്രമായിരുന്നു എന്നെനിക്കു തോന്നുന്നില്ല...കാടിരുത്തം ഇരുത്തംവന്ന ഒത്തുചേരലുകൾക്ക് വീണ്ടുമിടം കണ്ടെത്തട്ടെ...

  ReplyDelete
 4. puthu kavikel mahaa kavi ennu viliikeppedaan aagrahikkunnundo? mahaakavi enna vishashem chullikkadinode avasanikkete

  ReplyDelete
 5. വിഷ്ണുപ്രസാദ്, ബിനു.എം. പള്ളിപ്പാട്, എം.ജി.രവികുമാര്‍ വി.ബി. ഷൈജു, സുധീഷ് കോട്ടേമ്പ്രം, എന്‍. ആര്‍. രാജേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, അജീഷ് ദാസന്‍ എന്നിവരുടെയെല്ലാം കവിതകളില്‍ തിളങ്ങുന്ന ജീവിതത്തിന്റെ ഞരമ്പ് ഗ്രാമത്തിന്റേതാണെന്നാണ് വായനക്കാരന്‍ എന്ന നിലയിലെ താങ്കളുടെ വിശ്വാസം ശരിതന്നെ ഇവരെ പുതു കവികള്‍ എന്ന പഴകിപ്പതിഞ്ഞ പേരില്‍ വിളിക്കാനെ എനിക്ക് ആകുന്നുള്ളൂ.ഇതില്‍ എം.ആര്‍.വിഷ്ണുപ്രസാദ്‌,വിഷ്ണുപ്രസാദ്‌,സുധീഷ്‌ കോട്ടേമ്പ്രം തുടങ്ങിയവരുടെ ഇപ്പോഴുള്ള എഴുത്തിലെ മാറ്റം ശ്രദ്ധിക്കാനാകും.ഈ വര്‍ഷത്തെ ഏറ്റവും മികച്ച കവിതയെന്നു വിഷ്ണുപ്രസാദ്‌ കമന്റിട്ട കവിതപോലും പുതു കവിത എന്ന പേരില്‍ ഉള്‍പ്പെടുത്തേണ്ടി വരും.ഗൃഹാതുരത്വത്തെ ഉപയോഗപ്പെടുത്തി അനുഭവത്തെ നേരിട്ടനുഭവിപ്പിക്കുന്ന പുതുകവിതകളുടെ കാലം കഴിഞ്ഞെന്നു മുന്‍പ് പറഞ്ഞ മൂന്നു പേരും നല്ല വണ്ണം മനസിലാക്കിയിട്ടുണ്ട്.ഇപ്പോള്‍ ആഘോഷിക്കപെടുന്ന മേതില്‍ വസന്തം ഇത്രയും കാലം നിലനിന്നത്,അല്ലെങ്കില്‍ മറികടന്നു വന്നത് എന്ത് കൊണ്ടായിരുന്നു എന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി എല്ലാ കവികള്‍ക്കും ഉണ്ട്.ലതീഷ്മോഹനെ പറ്റി പറയുമ്പോള്‍ ചെങ്ങനാശ്ശേരിയാണോ അദ്ദേഹത്തിന്റെ മികച്ച കവിത.പുതു കവികള്‍ എന്ന് വിളിക്കുന്നവര്‍ക്ക് മനസിലായ ലതീഷ്‌ മോഹന്റെ ഒരു കവിത എന്ന് പറയേണ്ടി വരും ചങ്ങനാശ്ശേരിയെ.അതിനപ്പുറത്തേക്ക് കടന്ന കവിതകളെ തൊടാന്‍ പേടിയാണ് മിക്ക നിരൂപകര്‍ക്കും.കലേഷ്‌ ഇവിടെ പറഞ്ഞ ഹൈപ്പര്‍ലിങ്ക് കളികള്‍ ഒരു സാധ്യത എന്നതിനപ്പുറം കവിതയുടെ സൌന്ദര്യത്തെ സഹായിക്കുമോ ?സഹായിച്ചാല്‍ തന്നെ അത് പുതുകവികള്‍ക്ക് മനസിലാകുമോ.പുതുമയെ മനസിലാക്കാന്‍ കഴിവുള്ള വിഷ്ണുപ്രസാദിനെപ്പോലുള്ള കവികളുടെ വേര് ഗ്രാമങ്ങളില്‍ ഇരിക്കുമ്പോള്‍ അപ്പോഴും സന്തോഷിന്റെ അച്ഛന്‍ മരിച്ച ദിവസങ്ങള്‍ തന്നെയാകില്ലേ അവരുടെ തിരഞ്ഞെടുപ്പ്?എന്തിനു വിഷ്ണുപ്രസാദ്‌ ഈ അടുത്ത് എഴുതിയ പശു അഥവാ സൌമ്യതാ റീലോഡഡ് പി.പി.രാമചന്ദ്രന്‍ തള്ളിക്കളഞ്ഞത് അതില്‍ ഗ്രാമം കൂടെയില്ല എന്ന കാരണം കൊണ്ടാണ്.ഗ്രാമം കൂടെ വന്നില്ലെങ്കില്‍ കവിതയാകില്ലേ?ഇതേ അറിവുകളാണ് മിക്കവാറും ഈ പുതിയ കുട്ടികള്‍ക്ക്‌ കവികള്‍ പറഞ്ഞു കൊടുക്കുക .ഇന്നത്തെ കവിതയില്‍ അങ്ങിനെ എഴുതുന്നു എന്നത് പോലെ അങ്ങിനെ എഴുതുന്നില്ല എന്നതിനും സാധ്യതയുണ്ട്.എന്തായാലും കലേഷിന്റെയും വിഷ്ണുപ്രസാദിന്റെയും ശ്രമങ്ങള്‍ക്ക് ആശംസകള്‍.

  ReplyDelete
 6. It is the time to shed off all the pre-modern hang overs. The new poets should be frank and ready to make a very healthy discourse on the new paradigms of writing. The truth is now so apparent. The feudal poetics has died. The cacophony on the dead and dying poets is about to end. write neither verse/nor prose. write poetry.

  ReplyDelete
 7. പഴയതും പുതിയതും ,കലേഷ്‌ പറഞ്ഞപോലെ പേരിട്ടു വിളിക്കാനാവാത്ത ഇപ്പോഴത്തെ കവിതകളും ,കുത്തിയിരുന്ന് യാതൊരു ഉളുപ്പുമില്ലാതെ വായിക്കുന്ന ഒരാളെന്ന നിലക്ക് ചിലത് പറയാതെ വയ്യ.
  70 തുടങ്ങി 90 വരെയുള്ള കാലഘട്ടങ്ങളിലെ കവികൾ ഇന്നത്തെ കവികളുടെ അത്രേം ആകുലരയിരുന്നോ എന്ന് സംശയമുണ്ട്..ഓരോ കാലഘട്ടത്തിലും കവികളും കവിതകളും കഥകളും ഇടം നേടിയെടുത്തത് ,അവരുടെ സൃഷ്ട്ടിയുടെ മൌലികത കൊണ്ടാണ്..ഞങ്ങളെ അംഗീകരിച്ചേ മതിയാവൂ എന്നൊരു മുറവിളി ,ഈ നവി കവി പ്രബലന്മാര്ക്കില്ലേ എന്ന് സംശയം ..കാലഘട്ടത്തിലെ രീതി ഇതാണ് എന്ന് വിളിച്ചു പറയേണ്ടത് ,നിങ്ങൾ കവികളല്ല..അത് പറയേണ്ടത് നാളത്തെ തലമുറയാണ്...അവർ പറയണം..രണ്ടയിരതിലോക്കെ വിഷ്ണുപ്രസാദ്, ബിനു.എം. പള്ളിപ്പാട്, എം.ജി.രവികുമാര്‍ വി.ബി. ഷൈജു, സുധീഷ് കോട്ടേമ്പ്രം, എന്‍. ആര്‍. രാജേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, അജീഷ് ദാസന്‍ ,ക്രിസ്പിന്‍ ജോസഫ,കലേഷ്‌ ഇങ്ങനെ ചിലര് ഉണ്ടായിരുന്നെന്നും ..പുതിയ കാവ്യ നീതിക്ക് തുടക്കം കുറിച്ചത് അവരാണ് എന്നുമൊക്കെ ..നാളെ തഴയപ്പെടാൻ സാധ്യതയുള്ള ഒരു സൃഷ്ട്ടിയും ഇന്ന് എത്ര കണ്ടു വാക്കുകള കൊണ്ട് പുകമറ സൃഷ്ട്ടിച്ചു ന്യയീകരിച്ചിട്ടും കാര്യമില്ല..അതെഴുതിയത് എത്ര വല്യ അവാര്ഡ് ജേതാവനെങ്കിലും ശെരി .

  ReplyDelete