മലയാളകവിതയില്‍ പുതിയതായി എന്തുസംഭവിച്ചു?


സമാഹരണം : വിഷ്ണുപ്രസാദ്
ചിത്രീകരണം:
എം. ആര്‍ വിബിന്‍

സുധീഷ് കോട്ടേമ്പ്രം











കുറ്റിപ്പുറം
ഹിമാലയ ഹോട്ടലിലും
വടകര സമ്പൂര്‍ണ്ണ ഹോട്ടലിലും
കരിങ്ങാച്ചിറ ഹീറോ ഹോട്ടലിലും
തലശ്ശേരിയിലെയും കലൂരിലെയും
തട്ടുകടകളിലും
കല്ലേലിയിലെ കള്ള് ഷാപ്പിലും
ഇപ്പോള്‍
ഒറ്റയ്ക്കൊരാള്‍ പൊറോട്ട തിന്നുന്നുണ്ട്.

അയാളുടെ ലാസ്റ്റ് ബസ്സ്‌
പോയിക്കഴിഞ്ഞിരിക്കും.
അയാള്‍ക്ക്‌ എത്തിച്ചേരേണ്ട വീടും
ചെല്ലാമെന്നേറ്റ പണിസ്ഥലങ്ങളും
അയാളെ ഓര്‍ക്കുന്നുണ്ടാവില്ല.
ആമാശയത്തില്‍ കഴിയുന്ന
വിശപ്പ്‌ എന്ന് പേരുള്ള
വളര്‍ത്തു മൃഗത്തോട്
മാത്രമാണ് ഇപ്പോള്‍ അയാളുടെ കൂറ്.

സമയത്തെ കുറിച്ച് ആധി കൊള്ളുന്ന
വാഹനങ്ങളും
നിരത്തിലേക്ക് വയറുന്തി നില്‍ക്കുന്ന
പാര്‍പ്പിടങ്ങളും
ആള്‍ക്കവലകളും
ബൂമറാങ്ങ് പോലെ
അയാളുടെ വായ്ക്കുള്ളിലേക്ക്
ഇരച്ചുകയറുകയാണ്.
മഞ്ഞവെളിച്ചം ചര്‍ദിക്കുന്ന വിളക്കുകാലുകള്‍
പരസ്യ ബോര്‍ഡുകള്‍
ട്രാഫിക് സിഗ്നലുകള്‍
ഓവര്‍ ബ്രിഡ്ജുകള്‍.
പൊറോട്ട തിന്നുമ്പോള്‍
അയാള്‍ പൊറോട്ട മാത്രമല്ല തിന്നുന്നത്.

ഓവുചാലുകളെ പ്രസവിക്കുന്ന പന്നിക്കൂട്ടങ്ങള്‍
അറവുശാലകളിലെ അലക്കിയിട്ട തോലുടുപ്പുകള്‍
ഒറ്റക്കുതിപ്പില്‍ നിലച്ചുപോകുന്ന
ഇലക്ട്രിക് ലൈനിലെ പക്ഷിമരണങ്ങള്‍.
ആള്‍മതിലുകള്‍ കൊണ്ട് പണിത കെട്ടിടങ്ങള്‍.
നഗരമിപ്പോള്‍ അയാളുടെ പൊറോട്ടയ്ക്കുള്ള
മാവായി കുഴഞ്ഞു കൊണ്ടിരിക്കുകയാണ്

കഴിച്ചുകൊണ്ടിരുന്ന പാത്രവും
ഇരുന്ന മേശയും കസേരയും
ഇപ്പോഴില്ല.
വായിലേക്ക് ആയുന്ന ഒരു കയ്യും
കൈ തിന്നുന്ന വയറുമുള്ള
ഒരു
വി
ചി
ത്ര
ജീ
വി
യാ
യി


യാ
ള്‍


4 comments:

  1. ഓവുചാലുകളെ പ്രസവിക്കുന്ന പന്നിക്കൂട്ടങ്ങള്‍
    അറവുശാലകളിലെ അലക്കിയിട്ട തോലുടുപ്പുകള്‍
    ഒറ്റക്കുതിപ്പില്‍ നിലച്ചുപോകുന്ന
    ഇലക്ട്രിക് ലൈനിലെ പക്ഷിമരണങ്ങള്‍.
    ആള്‍മതിലുകള്‍ കൊണ്ട് പണിത കെട്ടിടങ്ങള്‍.
    നഗരമിപ്പോള്‍ അയാളുടെ പൊറോട്ടയ്ക്കുള്ള
    മാവായി കുഴഞ്ഞു കൊണ്ടിരിക്കുകയാണ്


    :(

    ഇനിയെങ്ങനാ പൊറോട്ട കഴിക്കുക..?

    നല്ല കവിത.

    ReplyDelete
  2. പൊറോട്ട വൃത്തികെട്ട നഗരമാലിന്യം തന്നെ

    ReplyDelete
  3. നഗരമെന്ന മാലിന്യം.!!

    ReplyDelete